Wednesday, February 13, 2008

പ്രണയദിനം?

സൂര്യനൊന്നു തഴുകുമ്പോള്‍ മഞ്ഞുതുള്ളിയില്‍ വിരിയും മഴവില്ലു പോലെ,
ജനലഴികളെ വക വയ്ക്കാതെ അകത്തളത്തില്‍ പരന്നൊഴുകുന്ന നിലാവു പോലെ,
ചാരിയ വാതില്‍പ്പഴുതിലൂടെ, അനുവാദം ചോദിയ്ക്കാതെ കടന്നു വരുന്ന സുഗന്ധം പോലെ,
ചിരാതിനെ ചുംബിച്ചുണര്‍ത്തുന്ന അഗ്നിശലഭം പോലെ,
തെന്നലിന്‍ കൈകളണിയും ദലമര്‍‌മ്മരം പോലെ..

..ഓരോ ഹൃദയവും പ്രണയത്തെ അറിയുന്ന രൂപ ഭാവ തലങ്ങള്‍ എത്രയോ വിവിധങ്ങളാണ്‌...!!!

... പകര്‍ത്തി വര്‍ണ്ണിയ്ക്കുന്തോറും, വാക്കുകള്‍ കടം പറയുന്ന അനുഭവം.

പരിമിതികളില്ലാതെ, മനസ്സിന്റെ അനന്തതയില്‍, എക്കാലവും വിഹരിയ്ക്കുന്ന വികാരവിചാരങ്ങളെ, സമയബന്ധിതമായി ഒരുക്കിയെടുത്താല്‍...
ജീവിതകാലം മുഴുവന്‍ നമ്മെ ഉണര്‍ത്തിനിര്‍ത്തുന്ന പ്രണയത്തിന്റെ ചിറകുകള്‍ക്ക്‌... സ്വാഭാവികമായ നിറച്ചാര്‍ത്ത്‌ നല്‍കാനാകുമോ..?

മുന്നൂറ്ററുപത്തഞ്ചില്‍ ഒരേ ഒരു ഉദയത്തിനും അസ്തമയത്തിനും ഇടയ്ക്കുള്ള നിമിഷങ്ങളില്‍ ഓര്‍ത്തെടുത്ത്‌ മിനുക്കി, 'ദിനാഘോഷത്തിന്റെ' പേരോടെ പിടഞ്ഞമരുന്ന ഒറ്റവാക്കായി ഒതുങ്ങേണ്ട ഒന്നാണോ അത്‌?

നാളെ ഇതും ഒരു ആചാരം മാത്രമായി മാറില്ലെന്ന്‌ ആരറിഞ്ഞു?

23 comments:

ചന്ദ്രകാന്തം said...

ഇന്നത്തെ ആഘോഷം..
ഒരു പക്ഷേ.. നാളത്തെ ആചാരം.
...പാവം പ്രണയം !!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രണയത്തിനു മാത്രമായി ഒരു ദിനം ആവശ്യമല്ല...

ജീവിതം മുഴുവനും പ്രണയിച്ചുതീര്‍ക്കാനുള്ളതാണ്.അത് വെറുമൊരു ചടങ്ങായി മാറാതിരിക്കട്ടെ.

ശ്രീ said...

പ്രണയത്തിനും ഒരു ദിനം. രണ്ട് അഭിപ്രായമുണ്ടാകാമെങ്കിലും വേണമെന്ന് എനിയ്ക്കും തോന്നുന്നില്ല.

Unknown said...

മനസ്സില്‍ പ്രണയമില്ലാത്തവര്‍ക്ക് അങ്ങനെയൊരു ദിനം ഉണ്ടായിട്ടും കാര്യമുണ്ടോ?
ചന്ദ്ര പ്രണയത്തെപ്പറ്റി വര്‍ണ്ണിക്കുന്ന വരികളില്‍ നറുംതേനും നിലാവുമൊഴുകുന്നു..

ശ്രീനാഥ്‌ | അഹം said...

വേണം.. പ്രണയത്തിനും ഒരു ദിനം.

പ്രണയിക്കുന്നവര്‍ക്ക്‌ ഭാവിയും ഭൂതവും കണക്കു കൂട്ടാന്‍...

പ്രണയിച്ചവര്‍ക്ക്‌ പുതിയ സമവാക്യങ്ങള്‍ ഉണ്ടാക്കാന്‍...

പ്രണയിക്കാന്‍ പോകുന്നവര്‍ക്ക്‌ ഒരു തുടക്കം കിട്ടാന്‍...

പ്രണയത്തെ വെറുക്കുന്നവര്‍ക്ക്‌ ചുമ്മാ അതിനെകുറിച്ച്‌ വീമ്പിളക്കാന്‍...

വേണം ഒരു പ്രണയ ദിനം.

G.MANU said...

പിള്ളാര് ആഘോഷിച്ചോട്ടേ പെങ്ങളെ.. അവര്‍ക്ക് കൊടുക്കാന്‍ നമ്മുടെ കൈയില്‍ ശാന്തിയില്ല, സമാ‍ധാനമില്ല, സാഹോദര്യമില്ല, അണുവിമുക്തമല്ലാത്ത സ്വപ്നങ്ങള്‍ ഇല്ല, യുദ്ധഭീതി കലരാത്ത നാളെകളില്ലാ.

അപ്പോ, അവര്‍ ഇങ്ങനെയെങ്കിലും ഒന്നു സന്തോഷിച്ചോട്ടേന്നേ......

:)
എഴുത്ത് നന്നായി

വല്യമ്മായി said...

അതെ,ജീവിതം മുഴുവന്‍ പ്രണയത്തിന്റെ ആഘോഷമാക്കിയവര്‍ക്ക് ഇങ്ങനെയൊരു ദിവസം വേണ്ട അല്ലേ,കുറിപ്പ് നന്നായി.

Anonymous said...

വളരെനന്നായി പ്രണയത്തെ വിവരിച്ചിരിക്കുന്നു....

പ്രണയം-
അതുള്ളില്‍നിന്നുതന്നെവരുന്നു,തൂമഞ്ഞുപുഞ്ചിരിയും, മാരിവില്ലൊളിയും,ചൊരിയുന്നു.
ജീവിതത്തിന്റെ ഗതിവേഗത്തില്‍ അകലത്തേയ്ക്ക്,
ഒരുപാടാഴങ്ങളിലേയ്ക്ക്,പിന്‍ വാങ്ങുകയും ചെയ്യുന്നു.
പിന്നിലാക്കപ്പെട്ട പ്രണയത്തിന് ഹൃദയതാളത്തില്‍ ചേരാനൊരുദിനം.
അനിവാര്യമല്ലെങ്കിലും ദോഷമില്ലെന്നു തോന്നുന്നു.

ഉപാസന || Upasana said...

ആവശ്യമില്ല അക്കാ.
വീക്ഷണങ്ങളോട് യോജിക്കുന്നു.
:)
ഉപാസന

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മധുരമാം പ്രണയങ്ങള്‍ എന്നും ഈ സുന്ദരഭൂമിയിള്‍
മായ്ക്കപെടാത്ത....പ്രണയകാവ്യങ്ങളായ് മാറട്ടെ
മാലോകര്‍ തന്‍ മനസ്സില്‍ എന്നും
കുടികൊള്ളുന്നുവെന്ന സത്യം മുന്നില്‍ നില്പ്പൂ.

പരിത്രാണം said...

നിരന്തരം ഇളകിമറിയുന്ന മനസ്സിന്റെ ഒരു വികാരമാണു പ്രണയം അതിനു പ്രത്യേകിച്ചു സമയമോ കാലമോ ഒരു ദിവസമോ ഒന്നും ആവിശ്യമില്ല ഇങ്ങനെ ഒരു ദിവസത്തെ ചിലര്‍ വ്യഖ്യാനിക്കുന്നതു ഇങ്ങനെയാണ്: "പ്രണയിക്കുന്നവര്‍ക്ക്‌ ഭാവിയും ഭൂതവും കണക്കു കൂട്ടാന്‍...പ്രണയിച്ചവര്‍ക്ക്‌ പുതിയ സമവാക്യങ്ങള്‍ ഉണ്ടാക്കാന്‍...പ്രണയിക്കാന്‍ പോകുന്നവര്‍ക്ക്‌ ഒരു തുടക്കം കിട്ടാന്‍... കാപട്യം നിറഞ്ഞ പ്രണയികള്‍ക്ക് അതെല്ലാം വളരെ അത്യാവശ്യമാണ് ഇന്നത്തെ കാലത്ത് പക്ഷേ ഒരു യഥാര്‍ത്ഥ പ്രണയത്തിന് ഈ പറഞ്ഞതിന്റെ ഒന്നും ആവിശ്യമില്ല എന്നാണു എനിക്കു തോന്നുന്നത്.. ഏതൊരു പുതിയ ആര്‍ഭാടത്തിന്റേയും പിന്നില്‍ ഒരു ലാഭം ഉണ്ട് എത്രകോടികളാണ് ഇതുപോലുള്ള ആഘോഷത്തിന്റെ പേരില്‍ ലാഭം കൊയ്യുന്നത്. അപ്പോള്‍ കാര്യം വളരെ വ്യക്തം പ്രണയികളേക്കാള്‍ ഇതുപോലുള്ള ആഘോഷം ആവിശ്യം ആര്‍ക്കാണെന്നു മനസ്സിലാക്കാമല്ലോ.

"മുന്നൂറ്ററുപത്തഞ്ചില്‍ ഒരേ ഒരു ഉദയത്തിനും അസ്തമയത്തിനും ഇടയ്ക്കുള്ള നിമിഷങ്ങളില്‍ ഓര്‍ത്തെടുത്ത്‌ മിനുക്കി, 'ദിനാഘോഷത്തിന്റെ' പേരോടെ പിടഞ്ഞമരുന്ന ഒറ്റവാക്കായി ഒതുങ്ങേണ്ട ഒന്നാണോ അത്‌?

നാളെ ഇതും ഒരു ആചാരം മാത്രമായി മാറില്ലെന്ന്‌ ആരറിഞ്ഞു?" അങ്ങനെ ആവാതിരിക്കട്ടെ... !!!

പ്രണയം എന്നും പ്രണയമായി എന്നെന്നു അറിയപ്പെടട്ടെ അതും നിഷ്കളങ്കമായിരിക്കട്ടെ

അപ്പു ആദ്യാക്ഷരി said...

“മുന്നൂറ്ററുപത്തഞ്ചില്‍ ഒരേ ഒരു ഉദയത്തിനും അസ്തമയത്തിനും ഇടയ്ക്കുള്ള നിമിഷങ്ങളില്‍ ഓര്‍ത്തെടുത്ത്‌ മിനുക്കി, 'ദിനാഘോഷത്തിന്റെ' പേരോടെ പിടഞ്ഞമരുന്ന ഒറ്റവാക്കായി ഒതുങ്ങേണ്ട ഒന്നാണോ അത്‌?“ അല്ല..അല്ലേയല്ല!

sv said...

പ്രണയം കടല്‍ പോലെ... ഒരിക്കലും അടങ്ങാത്ത കടല്‍...

പ്രണയ ദിനാശംസകള്‍...

thoufi | തൗഫി said...

ഇനിയും പറഞ്ഞുതീര്‍ന്നിട്ടില്ലാത്ത,
ഇനിയും നിര്‍വചിക്കാനാവാത്ത,
എത്ര നിര്‍വചിച്ചാലും പൂര്‍ണ്ണമാകാത്ത
ഒന്നത്രെ പ്രണയം.

നാലാള്‍ കാണ്‍കെ കൊട്ടിഘോഷിച്ചിട്ടൊ ചാനലുകളിലേക്ക് സന്ദേശങ്ങളയച്ചൊ അല്ല,
ഉള്ളിലുള്ള ഇഷ്ടത്തെ പ്രകടിപ്പിക്കേണ്ടത്.

മനസ്സ് മനസ്സിനോട് സംവദിക്കേണ്ടത്
അഗാധമായ ഹൃദയ ബന്ധങ്ങളിലൂടെയാവണം.

പ്രണയത്തെ ദിനമാക്കിയും ആഘോഷമാക്കിയും
നമ്മുടെ നാട്ടില്‍ തായലന്റ് മോഡല്‍ വ്യവസായത്തിന്
മണ്ണൊരുക്കുകയാണ് കമ്പോളമുതലാളിത്തം.
കടല്‍ കടന്നെത്തിയ കാര്‍ഡുമുതലാളിയുടെ
കച്ചവടതന്ത്രത്തെ കരുതിയിരിക്കുക.

--മിന്നാമിനുങ്ങ്

സുല്‍ |Sul said...

പ്രണയത്തിനൊരുദിനം എന്നാല്‍ ബാക്കി 364 ദിവസവും പ്രണയരാഹിത്യം. ഈ പൂവാലന്‍സ് ഡേ യോട് എനിക്കു വലിയ പ്രതിപത്തിയില്ല. മിന്നാമിനുങ്ങ് പറഞ്ഞതു പോലെ, ഇതു ഒരു വില്പന തന്ത്രം മാത്രം.

“സൂര്യനൊന്നു തഴുകുമ്പോള്‍ മഞ്ഞുതുള്ളിയില്‍ വിരിയും മഴവില്ലു പോലെ,
ജനലഴികളെ വക വയ്ക്കാതെ അകത്തളത്തില്‍ പരന്നൊഴുകുന്ന നിലാവു പോലെ,
ചാരിയ വാതില്‍പ്പഴുതിലൂടെ, അനുവാദം ചോദിയ്ക്കാതെ കടന്നു വരുന്ന സുഗന്ധം പോലെ,
ചിരാതിനെ ചുംബിച്ചുണര്‍ത്തുന്ന അഗ്നിശലഭം പോലെ,
തെന്നലിന്‍ കൈകളണിയും ദലമര്‍‌മ്മരം പോലെ..“
വാഹ് വാഹ് :)
-സുല്‍

രാമചന്ദ്രന്‍ വെള്ളിനേഴി said...

ചന്ദ്രകാന്തം!!!


അസ്സലായിരിക്കുന്നു ട്ടോ!!!


മേഘവും ഹംസവും പ്രണയത്തിന്റെ ദൂദുമായി പോയിരുന്ന കാലം അന്ന്!!!!

ഇന്നോ???

പ്രണയത്തിന് കാപട്യത്തിന്റെ മറയില്ലാത്ത കാലം അന്ന്!!

ഇന്നോ??

ഇന്ന് പ്രണയത്തെ ഒരു ദിനത്തില്‍ ചുരുട്ടിയെടുക്കനെന്നോണം ......

ഇനിയും ഒത്തിരി ഭാവ ഭേദങ്ങളോടെ പ്രണയം പ്രത്യക്ഷപ്പെട്ടേക്കാം

നാളെ പ്രണയമോ ???എന്ന് പുതിയ തലമുറ അത്ഭുതം കൂറാതിരിക്കന്‍ നമ്മള്‍ക്കാഘോഷിക്കാം ,വീണ്ടും

എല്ലാ യുവത്വത്തിനും യുവത്വം പിന്നിട്ടവര്‍ക്കും ഊഷ്മളമായ പ്രണയദിനാശം സകള്‍!!!

മുസാഫിര്‍ said...

ഒരു പൂവ് വിരീയുന്ന പോലെ സ്വഭാവികമാകണം പ്രണയം തുടങ്ങേണ്ടത് എന്ന് ആരോ പറഞ്ഞിട്ടില്ലേ.(കൊഴിയുന്നതും അതു പോലെ ആവാ‍ം ആരും അറിയാതെ)
അച്ഛനേയും അമ്മയേയും ഓര്‍ക്കാനും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാ‍ലൂ‍ട്ടണമെന്ന് ഓര്‍ക്കാനും മറ്റുമായി ദിനങ്ങള്‍ ഉണ്ടെങ്കില്‍ പ്രണയത്തിനും കൂടി ഒരു ദിവസം മാറ്റി വെക്കാം.

നല്ല വരികള്‍ . ചന്ദ്രകാന്തം.

Kaithamullu said...

പ്രണയദിനത്തിന്റെ കാന്തശക്തിയാലല്ലേ ചന്ദ്രക്ക്
“...ചിരാതിനെ ചുംബിച്ചുണര്‍ത്തുന്ന അഗ്നിശലഭം പോലെ,
തെന്നലിന്‍ കൈകളണിയും ദലമര്‍‌മ്മരം പോലെ..“
എന്നൊക്കെ എഴുതാന്‍ തോന്നിയത്?
-അല്ലാ, അല്ലേ?

ദേ, അതിനെടക്കൊര് പരിഭവം:

മനസ്സില്‍ പ്രണയമില്ലാത്തവര്‍ക്ക് അങ്ങനെയൊരു ദിനം ഉണ്ടായിട്ടും കാര്യമുണ്ടോ?
-എന്താ ആഗ്നേ, ഇങ്ങനെയൊക്കെ?

പ്രയാസി said...

:)

ഇന്നത്തെ ദിവസം അത്രക്കങ്ങോട്ട് മിണ്ടാന്‍ പറ്റണില്ല..!

എന്നാലും ഇതിനു പ്രത്യേകിച്ചൊരു ദെവസം വേണ്ടേ....വേണ്ട..!

siva // ശിവ said...

നല്ല ചിന്ത....നല്ല വരികള്‍....

ഗിരീഷ്‌ എ എസ്‌ said...

ചന്ദ്രേ..
പറഞ്ഞതെല്ലാം ശരിയാണ്‌..
എങ്ങിലും
മനസിലെ കൂമ്പിനില്‍ക്കുന്ന
തൊട്ടാവാടികള്‍
ഈ ദിവസം മിഴിതുറക്കില്ലേ...
ചുറ്റിനുമുള്ള പ്രണയത്തിന്റെ വര്‍ണപ്രപഞ്ചത്തില്‍ മതിമറന്ന്‌...

ഇടക്കെല്ലാം ഓര്‍ത്തെടുക്കാന്‍ കഴിയാഞ്ഞല്ല..
തിരക്കിന്റെ ലോകത്ത്‌
ചില മുഖങ്ങള്‍
വിസ്മരിക്കപ്പെട്ടു പോകുകയാണ്‌ നാമറിയാതെ...
അവരെ
വാര്‍ത്തകള്‍ കാണുമ്പോഴെങ്കിലും
വസന്തത്തിലേക്ക്‌ കൂട്ടികൊണ്ടുവരാന്‍
കഴിയുന്നു...ഈ ദിനത്തിന്‌...

ആശംസകള്‍...

Mahesh Cheruthana/മഹി said...

"സൂര്യനൊന്നു തഴുകുമ്പോള്‍ മഞ്ഞുതുള്ളിയില്‍ വിരിയും മഴവില്ലു പോലെ,
ജനലഴികളെ വക വയ്ക്കാതെ അകത്തളത്തില്‍ പരന്നൊഴുകുന്ന നിലാവു പോലെ" വരികളില്‍ പ്രണയ സുഗന്ധം നിറയുന്നു!

ഗീത said...

ഇപ്പോള്‍ എല്ലാം ഒരു ദിവസത്തേക്ക് അചരിക്കുക, പിറ്റേന്നു തൊട്ടു മറന്നേക്കുക എന്നതാണല്ലോ രീതി.

പക്ഷേ പ്രണയത്തിനെ അങ്ങനെ ഒരു ദിനാചരണത്തില്‍ ഒതുക്കിനിര്‍ത്താന്‍ പറ്റുമെന്നു തോന്നുന്നില്ല......