Thursday, September 10, 2009

ഇന്നിന്റെ ഇന്നലെ

ഇന്നലെ വിചാരപ്പെട്ടത്‌
നാളെയെപ്പറ്റി;
ഇന്നും, ഇനിയെന്നുമതെ

എന്നിട്ടും,
നാളെകളില്‍
ഇന്നലെയെന്ന വിചാരം
ഇല്ലാതായിപ്പോകുന്നത്‌
എന്താണാവോ?

Tuesday, May 26, 2009

ഓരിതള്‍മിഴികള്‍

ഒന്നായ്‌ ചിരിച്ചും കരഞ്ഞും
കാഴ്ചകളൊരേ മനസ്സില്‍ നിറച്ചും
നക്ഷത്ര വെളിച്ചം തുറന്നടച്ചും
രണ്ടുപേര്‍...
ഒന്നിച്ചുറങ്ങിയുണരും പ്രണയികളെങ്കിലും
തമ്മിലൊരു പ്രതിബിംബക്കാഴ്ച മാത്രം.

*************************

അവലംബം: ഫോര്‍വേര്‍ഡ്‌ ചെയ്തുകിട്ടിയ ഒരു ഇമെയില്‍.

Monday, April 27, 2009

പുലിയങ്കം

സിംഹം തോറ്റെന്ന്‌ പുലിയും,
പുലി ചത്തെന്ന്‌ സിംഹവും
മാടും മാനും മുയലും ഓടിപ്പാഞ്ഞതും,
കരുനിന്ന്‌ വളമായതും
കഥയ്ക്ക്‌ പുറത്തായിരുന്നു.

വിശപ്പില്‍ വെന്ത വയറുകള്‍
ഏതുകാലത്താണാവോ കഥയാവുക..

Monday, March 23, 2009

കുടംപുളി

ഗുണസമൃദ്ധമാണ്‌ പീതകവചം.
ചേര്‍ത്തടുക്കിയ പുളി,മധുരങ്ങളെ
രുചിയ്ക്കുന്നതിലൊരു പിഴ മതി,
ചവര്‍പ്പൊഴുകാനും,
മായാത്ത കറ പടരാനും.

Saturday, March 7, 2009

പപ്പടം

പൊടിപാറ്റിയ കാലം മാറി
ഉപ്പുനീരോടി നനഞ്ഞ്‌ കുഴഞ്ഞ്‌
വട്ടക്കണക്കിലെ വ്യഥകളിലമർന്ന്‌ പരന്ന്‌
വക്കു പിഞ്ഞിയ ഓലപ്പായിൽ
ഉണങ്ങിക്കിടക്കും.

വറചട്ടിയിലെ അനുഭവങ്ങൾ
പെരുപ്പിച്ച്‌ പോളയാക്കുന്നവരും
അതിനാവാത്തവരും
തകർന്നടിയുന്നത്‌...
ഒരേ കാലം..