Sunday, August 26, 2007

മഹാബലി കുടവയറനോ?

വിളവെടുപ്പിന്‌ പാകമായ ഫലങ്ങളും, പൂക്കളും, ശലഭങ്ങളും, ഉന്മേഷമേകുന്ന കാലാവസ്ഥയുംകൊണ്ട്‌ നമുക്ക്‌ സദ്യയൊരുക്കുന്ന ഓണക്കാലം...

അത്‌ പ്രകൃതി നമുക്കു നല്‍കുന്ന വരദാനം.

ആണ്ടിലൊരിക്കല്‍ താന്‍ ഭരിച്ചിരുന്ന നാടും നാട്ടുകാരേയും കാണാന്‍ മഹാബലി ചക്രവര്‍ത്തി വരുന്ന സുദിനം; ചിങ്ങത്തിലെ തിരുവോണം.

ഈ ഐതിഹ്യത്തിന്റെ ബലത്തില്‍, ഓലക്കുടയും ചൂടി, മെതിയടിപ്പുറത്ത്‌ വരുന്ന ഒരു രാജാവിന്റെ രൂപം മനസ്സില്‍ എല്ലാവരും സൂക്ഷിക്കുന്നു.
എന്നാല്‍, ദേവന്മാര്‍ പോലും അസൂയപ്പെട്ടിരുന്ന, ബലവാനും വീരപരാക്രമിയായ യോദ്ധാവും വലിയൊരു സാമ്രാജ്യത്തിന്റെ അധിപനുമായിരുന്ന മഹാബലിയെന്ന അസുര ചക്രവര്‍ത്തിക്ക്‌, എങ്ങിനെയാണ്‌ വലിയൊരു കുടവയറും താങ്ങി നടക്കുന്ന രൂപം കൈവന്നത്‌? അതിലെന്തോ ഒരു പൊരുത്തക്കേടില്ലെ?

വാമനന്‍ ചവിട്ടിത്താഴ്ത്തുന്ന സമയത്ത്‌ വല്ല രൂപമാറ്റവും....??

നീതിമാനായ ഒരു രാജാവിന്റെ മേല്‍നോട്ടത്തില്‍, എല്ലാവരും ഒന്നുപോലെ സമൃദ്ധിയില്‍ കഴിഞ്ഞിരുന്ന കാലം എന്ന സങ്കല്‍പ്പത്തിന്റെ പഴക്കം എത്ര യുഗങ്ങളോളം വരും?
ത്രേതായുഗമോ, അതിനും മുന്‍പോ?

ഈ കഥകളെല്ലാം മാറ്റി നിര്‍ത്തിയാല്‍പ്പോലും, യുഗങ്ങള്‍ക്ക്‌ മുന്‍പുതന്നെ 'സമത്വ സുന്ദര ലോകം' എന്ന ആശയം പ്രാവര്‍ത്തികമാക്കിയിരുന്നതോ, ആഗ്രഹിച്ചിരുന്നതോ ആയ ഒരു ജനത ഉണ്ടായിരുന്നു എന്നു വരുന്നു.

ഒരുപക്ഷേ...

നമ്മുടെ കേരളം, മാര്‍ക്സിയന്‍ ചിന്തകള്‍ക്ക്‌ വഴികാട്ടിയായിരുന്നൊ?
....വെറുതെ മനസ്സില്‍ കയറിവരുന്ന ചോദ്യങ്ങള്‍.

ഓണാശംസകള്‍..

8 comments:

ചന്ദ്രകാന്തം said...

നാളെ മാവേലി വരുമ്പോള്‍,
ഒരു മുഖാമുഖം തരപ്പെടും എന്ന ശുഭാപ്തിവിശ്വാസത്തിലാണ്‌ ഞാന്‍.

സുല്‍ |Sul said...

മറ്റന്നാള്‍ ഒരു പോസ്റ്റ് കൂടെ പ്രതീക്ഷിക്കാം അല്ലെ.
:)
-സുല്‍

സ്കന്ദന്‍ said...

ഫ്യൂഡലിസം കൊടികുത്തി വാണിരുന്ന കാലത്തും സമത്ത്വ സുന്ദരമായ ഒരു ഗതകാലസ്മരണയുടെ നഷ്ടസ്വപ്നങ്ങള്‍ അന്നത്തെ ജനങ്ങള്‍ നമുക്കുവേണ്ടി കാത്തുസൂക്ഷിച്ചതിന്റെ അയവിറക്കലാണു ഇന്നത്തെ നമ്മളുടെ ഓണാഘോഷങ്ങള്‍. എന്തായലും "സമത്ത്വ സുന്ദരമായ" ജീവിതമോ - വ്യവസ്ഥിതിയോ ആദ്യമായി സ്വപ്നം കണ്ടിരുന്ന ഒരു ജനസമൂഹം നമ്മള്‍ കേരളീയരായിരുന്നു എന്ന് അഭിമാനിക്കാം. (പിന്നെ കുടവയര്‍ - ഓണത്തിന്‌ ജനങ്ങളെ കണ്ട്‌ ഭക്ഷണം കഴിച്ച്‌ കഴിച്ച്‌ ജോലിയൊന്നും ചെയ്യാതെ പിന്നീട്‌ വന്നതാകാം)

സഹയാത്രികന്‍ said...

ഓണാശംസകള്‍

അനോണി ആന്റണി said...

കുടവയറ് രണ്ടാം മുണ്ട് പോലെ മലയാളിത്തത്തിന്റെ ഭാഗമല്ലേ? ബീര്‍ ഗട്ട് ഇല്ലാത്തവന്‍ ആസ്ട്റേലൊയന്‍ അല്ല എന്നതുപോലെ കള്ള് ഗട്ട് ഇല്ലാത്തവന്‍ മലയാളിയോ?

ഏ.ആര്‍. നജീം said...

ചന്ദ്രകാന്താ...,
നമ്മുടെ ബഹുമാന്യനായ മഹാബലി രാജാവായിരിക്കുമ്പോള്‍ ഈ കുടവയര്‍ ഒന്നും ഇല്ലായിരുന്നു... പിന്നെ പാതാളത്തില്‍ പോയ് കഴിഞ്ഞ് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതിന്റേതായിരിക്കാം പിന്നെ വന്നതാ ഈ കുടവയര്‍.
നമ്മുടെ ഗള്‍ഫ് കാര്‍‌കൊക്കെ വരാറില്ലെ അതന്നേ...

ശ്രീ said...

ഹഹ
നല്ല സംശയങ്ങള്‍‌ തന്നെ...
മഹാബലി എന്ന ചക്രവര്‍‌ത്തിയെ നമ്മളെല്ലാം ഇന്ന് ഓര്‍‌ക്കുന്നത് പഴയ ആ വീരശുര പരാക്രമിയായ അസുര ചക്രവര്‍‌ത്തിയായിട്ടല്ല, മറിച്ച് ഓലക്കുടയും ചൂടി കൊമ്പന്‍‌ മീശയും കുടവയറുമായി വര്‍‌ഷത്തിലൊരിക്കല്‍‌ വരുന്ന ഒരു പാവത്താനായിട്ടാണ്‍ എന്നുള്ളത് സത്യം തന്നെ. ഒരു പക്ഷെ, ജന പ്രിയനായ എല്ലാ തട്ടുകളിലുമുള്ള പാവം ജനങ്ങള്‍‌ക്കു പോലും സ്വീകാര്യനാകുന്ന ഒരു വേഷം ആരെങ്കിലും കല്‍‌പ്പിച്ചു നല്‍‌കിയതാകാം.

നജീമിക്കായുടെ കമന്റു പോലെ ഇനിയിപ്പോ ചുമ്മാ ഒരു പണിയുമില്ലാതെ പാതാളത്തിലിരുന്ന് തിന്നു തിന്ന് ഇങ്ങനെ കുടവയര്‍‌ വച്ചതുമാകാം.

അല്ലാ, ഇന്റര്‍‌വ്യൂ തരപ്പെട്ടോ???
:)

ചന്ദ്രകാന്തം said...

കുറച്ചു സംശയങ്ങള്‍ വായിച്ച്, കൂടുതല്‍ സംശയം ഉണ്ടാക്കിയെടുത്ത എല്ലാര്‍ക്കും നന്ദി.
നിര്‍ഭാഗ്യമെന്നു പറയട്ടെ, മുഖാമുഖം നടന്നില്ല. മാവേലിയദ്ദേഹം, വലിയ തിരക്കിലായിരുന്നു. അവിടെ ചെന്നിട്ട് , നേരം കിട്ടുമ്പോള്‍ എസ്സ്. എം. എസ്സ്. അയയ്കാം എന്ന് പറഞ്ഞിട്ടുണ്ട്.