Tuesday, November 11, 2008

ആകാശവിചാരം

പൂർണ്ണചന്ദ്രനേക്കാൾ
മനസ്സുറപ്പുണ്ട്‌ നക്ഷത്രങ്ങൾക്ക്‌.

എത്ര നിലാവൊഴുക്കീട്ടും
മായത്ത നിഴലിനു നേരെ,
വിളറുന്ന ചന്ദ്രൻ
മേഘത്തിലൊളിയ്ക്കും.

വേണ്ടാത്തത്‌ കാണാതിരിക്യ്ക്കാനും
വേണ്ടപ്പോളൊക്കെ കണ്ണുചിമ്മാനും
അറിയുന്നവരാകാം
താരങ്ങളാവുന്നത്‌.

Sunday, November 9, 2008

മനസ്സ്‌ പറയും..

താപം പെരുകി,പ്പുകയിലുമെന്നും
താരം കണ്ണിൽ വിടരേണം
ഉള്ളിൽപ്പടരും വേദനയുള്ളം
കയ്യിലൊതുക്കാനറിയേണം
അഴലിൻ ഭാവം പറയും കണ്ണീർ-
ക്കറ,യില്ലാക്കവിളാകേണം.
..........
കരുതും പലകുറി,യെളുതല്ലണുവിട-
പോലുമതറിയാമെന്നാലും.

************************

Sunday, October 26, 2008

ഗതികേട്‌

പായസത്തിന്റേയോ
ബിരിയാണിയുടേയോ
മണം പോലെയല്ല
റേഷനരി വേവുന്ന മണം.
ചുമരുകൾക്കും വാതിലുകൾക്കും..
ജനലുകൾക്കുപോലും അതറിയാം..
ഈ ചൂട്ടഴിയ്ക്കും, പുകയോടുകൾക്കും
വീണ്ടുവിചാരമേയില്ല...

Monday, October 20, 2008

ബന്ധനം

പിഞ്ഞിയ ചട്ടയ്ക്കുള്ളിൽ
ഉള്ളറിയുന്ന പിടപ്പുണ്ട്‌
നരച്ചുപോയ ചിത്രങ്ങളും,
നാളേയ്ക്കെന്ന്‌ എരിച്ചലുമുണ്ട്‌..

തെളിച്ചമുണ്ടായിരുന്ന കാലമോർത്തും
സമ്മാനിച്ചവർക്കുള്ള നന്ദിയെ കാത്തും
കെൽപ്പില്ലാതിങ്ങനെ..

അഴിഞ്ഞ തുന്നലുകളിൽ
പിണഞ്ഞു നിൽക്കാതെ
ഒന്നു വീണുപോയിരുന്നെങ്കിൽ ..
എന്നെത്രയോവട്ടം ...

Wednesday, September 3, 2008

വിടരും നയനസുമം...


ഉതിരുന്ന നീഹാരമണിയും കപോലം
വിരിയുന്ന ലാവണ്യമരുണം വിലോലം..
അഴകിന്‍ ഹൃദന്തത്തിലൊഴുകും മരന്ദം
മിഴിയിതളിലനുരാഗമുണരും വസന്തം..

Monday, July 14, 2008

നൂലുണ്ട

സൃഷ്ടിയുടെ ജീവതാളം തള്ളിപ്പറഞ്ഞ്‌
തോന്നും താളത്തില്‍ തിരിഞ്ഞുരുണ്ട്‌
ഉരിഞ്ഞുപോകുന്ന അഹങ്കാരച്ചുറ്റിലെ
അഴിയ്ക്കാനറിയാത്ത കുരുക്കുകള്‍ പേറീട്ടും...
മുനയുള്ള സൂചിയ്ക്ക്‌
മൂക്കുകയറിട്ടു നിലയ്ക്കു നിര്‍ത്താന്‍
താനല്ലേയുള്ളു.. എന്നാണ്‌‌ ചോദ്യം.

കര്‍ക്കടസംക്രാന്തി വന്ന്‌,
അഴിഞ്ഞുലഞ്ഞ കുടുമയില്‍
ചൂലുചുറ്റി പുറത്തെടുത്തിടും വരെ
ഇരുട്ടിന്റെ പൊടി തിന്നട്ടെയവന്‍.

Saturday, June 28, 2008

അടച്ചു വച്ച ശബ്ദം

ഞാനിച്ഛിയ്ക്കാത്ത ഇരിപ്പിടം നല്‍കി,
അവകാശപ്പെടാത്ത അലങ്കാരം നല്‍കി,
ആവശ്യപ്പെടാത്ത കോട്ടയും കാവും നല്‍കി,
ഞാനേറ്റിക്കാട്ടാത്ത ശക്തിയെപ്പോറ്റി,
പരിവേഷത്തോരണം തൂക്കി,
തോറ്റവും തീയാട്ടും നടത്തുന്നതെന്തിന്‌ ?
ചുറ്റും കാവലേറ്റി, ഒറ്റപ്പെടുത്തുന്നതെന്തിന്‌ ?

Tuesday, June 24, 2008

ആശിച്ചിരുന്നുവോ...

ഇക്കഴിഞ്ഞ നിമിഷം വരെ
നിന്‍ ചിന്തകള്‍ക്കൊത്ത്‌
വേണ്ടപ്പോള്‍ ചിരിച്ചുകാട്ടി
വേണ്ടാത്തരം കടിച്ചൊതുക്കി
വാക്കെടുത്തു വിളയാടും
നാക്കിന്‌ കാവലായി
കല്ലുനീക്കി, നല്ലതൂട്ടി,
കൂട്ടിരുന്നതല്ലേ ഞാന്‍..

നിന്നിലൂന്നിയ
എന്റെ ചേതന
വേരോടെ പിഴുത്‌
ചോര വറ്റും മുന്‍പേ
ദൂരെയെറിയും നേരം..
ഒരുവട്ടമെങ്കിലും കൈവിറയ്ക്കുമെന്ന്‌
വെറുതെ ഞാന്‍..

Monday, June 9, 2008

'കേര'ളീയം

കാഴ്ചയ്ക്ക്‌ പച്ചപ്പ്‌,
വീഴ്ചയേശാത്ത പുറംചട്ട,
ചിരട്ടയ്ക്കൊത്ത ചങ്കുറപ്പ്‌...
ചൂഴ്‌ന്നെടുക്കുന്നോര്‍ക്കും
മധുരം വിളമ്പും മന:സ്‌ഥൈര്യം...

നമുക്ക്‌,
ഇതിലേതൊക്കെയോ
നഷ്ടമാവുന്നു.

Saturday, March 22, 2008

നിറഭേദം




പുലരും നേരം വിടരും
ദളമതി മൃദുലം ധവളാഭം
ആതപമേറുന്തോറും വിവശം
വദനം കരുണാര്‍ദ്രം
ദിനാന്ത സമയം, തളരും
തളിരിതളരുണമയം ഭാവം
ദീര്‍ഘം ജീവിത സഹനം നമ്മില്‍
പകരും പ്രതിബിംബം..


Wednesday, February 13, 2008

പ്രണയദിനം?

സൂര്യനൊന്നു തഴുകുമ്പോള്‍ മഞ്ഞുതുള്ളിയില്‍ വിരിയും മഴവില്ലു പോലെ,
ജനലഴികളെ വക വയ്ക്കാതെ അകത്തളത്തില്‍ പരന്നൊഴുകുന്ന നിലാവു പോലെ,
ചാരിയ വാതില്‍പ്പഴുതിലൂടെ, അനുവാദം ചോദിയ്ക്കാതെ കടന്നു വരുന്ന സുഗന്ധം പോലെ,
ചിരാതിനെ ചുംബിച്ചുണര്‍ത്തുന്ന അഗ്നിശലഭം പോലെ,
തെന്നലിന്‍ കൈകളണിയും ദലമര്‍‌മ്മരം പോലെ..

..ഓരോ ഹൃദയവും പ്രണയത്തെ അറിയുന്ന രൂപ ഭാവ തലങ്ങള്‍ എത്രയോ വിവിധങ്ങളാണ്‌...!!!

... പകര്‍ത്തി വര്‍ണ്ണിയ്ക്കുന്തോറും, വാക്കുകള്‍ കടം പറയുന്ന അനുഭവം.

പരിമിതികളില്ലാതെ, മനസ്സിന്റെ അനന്തതയില്‍, എക്കാലവും വിഹരിയ്ക്കുന്ന വികാരവിചാരങ്ങളെ, സമയബന്ധിതമായി ഒരുക്കിയെടുത്താല്‍...
ജീവിതകാലം മുഴുവന്‍ നമ്മെ ഉണര്‍ത്തിനിര്‍ത്തുന്ന പ്രണയത്തിന്റെ ചിറകുകള്‍ക്ക്‌... സ്വാഭാവികമായ നിറച്ചാര്‍ത്ത്‌ നല്‍കാനാകുമോ..?

മുന്നൂറ്ററുപത്തഞ്ചില്‍ ഒരേ ഒരു ഉദയത്തിനും അസ്തമയത്തിനും ഇടയ്ക്കുള്ള നിമിഷങ്ങളില്‍ ഓര്‍ത്തെടുത്ത്‌ മിനുക്കി, 'ദിനാഘോഷത്തിന്റെ' പേരോടെ പിടഞ്ഞമരുന്ന ഒറ്റവാക്കായി ഒതുങ്ങേണ്ട ഒന്നാണോ അത്‌?

നാളെ ഇതും ഒരു ആചാരം മാത്രമായി മാറില്ലെന്ന്‌ ആരറിഞ്ഞു?

Wednesday, January 23, 2008

പ്രവാസി

ഉയിരു പിഴിഞ്ഞെടുത്ത
മധുരം നുണഞ്ഞ്‌,
കുറഞ്ഞുപോയതില്‍
പരിഭവം കാട്ടി,
തിരിച്ചുപോക്കിന്റെ
തിയതി ഉറപ്പാക്കുന്ന
ബന്ധങ്ങള്‍ക്കു മുന്നില്‍...

ഓലമടലിനടിയില്‍പ്പെട്ട,
പുല്‍നാമ്പിന്റെ
ആത്മനിന്ദയോടെ...

പകുതി അറുത്തിട്ടും
പിടഞ്ഞെണീക്കും
ബലിമൃഗം പോലെ..

അതിജീവനത്തിന്റെ
തത്രപ്പാടിനിടയില്‍
ഇനിയും കിളിര്‍ക്കാത്ത വേരുകളെ
മന:പൂര്‍വ്വം മറന്ന്‌
മുഖപേശികള്‍
വലിച്ചുനീട്ടി
പുഞ്ചിരിയൊട്ടിക്കുമ്പോള്‍...

സുഖപ്പെട്ടാലും
മായാത്ത മുദ്ര പേറും
ഭ്രാന്തനെപ്പോലെ..
നാട്ടുകാഴ്ചകളുടെ
പുറമ്പോക്കിലാണു നീയെന്ന്‌
ക്രൂരമായി ഓര്‍മ്മപ്പെടുത്തുന്നു
ഈ വിളിപ്പേര്‍.

Saturday, January 19, 2008

കറുത്ത മുത്ത്‌

ഒരേ രക്ത,മൊരേ ചിത്ത-
മൊരേ വര്‍ണ്ണ രാജിതം
ഒരേ രൂപ,മൊരേ ജീവ-
കര്‍മ്മ പാശ ബന്ധിതം
ഒരേ ഞെട്ടിലെത്ര കാല-
മെന്നതില്ല നിശ്ചയം
അതേ ജന്മ,മെങ്ങു പോ-
യൊടുങ്ങുമെന്നനിശ്ചിതം.

***************

അഗ്രജന്റെ 'പടയിടത്തിലെ'
കുഞ്ഞുമണികളുടെ പടം കണ്ടപ്പോള്‍...
മനസ്സില്‍ തോന്നിയത്‌...






Sunday, January 6, 2008

ഭാഗ്യത്തിന്റെ നിറം

ശരിയുത്തരങ്ങള്‍ മാത്രമായിട്ടും,
നൂറിലേയ്ക്കുയരാത്ത മാര്‍ക്ക്‌.
എത്തിച്ചു നേടിയെടുത്തെങ്കിലും
ഇതളടര്‍ന്ന പൂങ്കുല
കുന്നിക്കുരുവിന്റെ മുഖമാണോ
ഭാഗ്യത്തിനെപ്പോഴും?
കാല്‍ കറുപ്പും, മുക്കാല്‍ ചോപ്പും !