Monday, November 19, 2007

പൂര്‍‌വ്വപര്‍‌വ്വം

പൂര്‍വ്വദേശ പര്‍വ്വ,മത്യപൂര്‍വ്വ ദീപ്തമെങ്കിലും
ഭ്രമിപ്പതെന്തു ദൃഷ്ടി പശ്ചിമാംബരത്തിലിത്രമേല്‍...!!!
പുലരിതന്‍ പ്രഭാവമൊത്തു നില്‍പ്പതില്ലൊരിയ്ക്കലും
മരീചികാസമം ക്ഷണം മറഞ്ഞിടും പകിട്ടുകള്‍.. !!!

Monday, September 17, 2007

കറുപ്പും വെളുപ്പും

"തല കറുത്തിരിയ്ക്കുമ്പോള്‍
മനസ്സ്‌ വെളുത്തിരിയ്ക്കും

അറിവിന്റെ തെളിനീര്‍ മോന്തിയിട്ടും
അനുഭവങ്ങള്‍ വെളിച്ചം വീശിയിട്ടും
തല വെളുക്കുന്തോറും, ചില നേരങ്ങളില്‍
മനസ്സ്‌ കറുത്തു പോകുന്നുവോ..?

തല കറുപ്പിച്ചാലും,
മനസ്സ്‌ കറുക്കാതെ നോക്കണമെന്നും."

Sunday, August 26, 2007

മഹാബലി കുടവയറനോ?

വിളവെടുപ്പിന്‌ പാകമായ ഫലങ്ങളും, പൂക്കളും, ശലഭങ്ങളും, ഉന്മേഷമേകുന്ന കാലാവസ്ഥയുംകൊണ്ട്‌ നമുക്ക്‌ സദ്യയൊരുക്കുന്ന ഓണക്കാലം...

അത്‌ പ്രകൃതി നമുക്കു നല്‍കുന്ന വരദാനം.

ആണ്ടിലൊരിക്കല്‍ താന്‍ ഭരിച്ചിരുന്ന നാടും നാട്ടുകാരേയും കാണാന്‍ മഹാബലി ചക്രവര്‍ത്തി വരുന്ന സുദിനം; ചിങ്ങത്തിലെ തിരുവോണം.

ഈ ഐതിഹ്യത്തിന്റെ ബലത്തില്‍, ഓലക്കുടയും ചൂടി, മെതിയടിപ്പുറത്ത്‌ വരുന്ന ഒരു രാജാവിന്റെ രൂപം മനസ്സില്‍ എല്ലാവരും സൂക്ഷിക്കുന്നു.
എന്നാല്‍, ദേവന്മാര്‍ പോലും അസൂയപ്പെട്ടിരുന്ന, ബലവാനും വീരപരാക്രമിയായ യോദ്ധാവും വലിയൊരു സാമ്രാജ്യത്തിന്റെ അധിപനുമായിരുന്ന മഹാബലിയെന്ന അസുര ചക്രവര്‍ത്തിക്ക്‌, എങ്ങിനെയാണ്‌ വലിയൊരു കുടവയറും താങ്ങി നടക്കുന്ന രൂപം കൈവന്നത്‌? അതിലെന്തോ ഒരു പൊരുത്തക്കേടില്ലെ?

വാമനന്‍ ചവിട്ടിത്താഴ്ത്തുന്ന സമയത്ത്‌ വല്ല രൂപമാറ്റവും....??

നീതിമാനായ ഒരു രാജാവിന്റെ മേല്‍നോട്ടത്തില്‍, എല്ലാവരും ഒന്നുപോലെ സമൃദ്ധിയില്‍ കഴിഞ്ഞിരുന്ന കാലം എന്ന സങ്കല്‍പ്പത്തിന്റെ പഴക്കം എത്ര യുഗങ്ങളോളം വരും?
ത്രേതായുഗമോ, അതിനും മുന്‍പോ?

ഈ കഥകളെല്ലാം മാറ്റി നിര്‍ത്തിയാല്‍പ്പോലും, യുഗങ്ങള്‍ക്ക്‌ മുന്‍പുതന്നെ 'സമത്വ സുന്ദര ലോകം' എന്ന ആശയം പ്രാവര്‍ത്തികമാക്കിയിരുന്നതോ, ആഗ്രഹിച്ചിരുന്നതോ ആയ ഒരു ജനത ഉണ്ടായിരുന്നു എന്നു വരുന്നു.

ഒരുപക്ഷേ...

നമ്മുടെ കേരളം, മാര്‍ക്സിയന്‍ ചിന്തകള്‍ക്ക്‌ വഴികാട്ടിയായിരുന്നൊ?
....വെറുതെ മനസ്സില്‍ കയറിവരുന്ന ചോദ്യങ്ങള്‍.

ഓണാശംസകള്‍..

Thursday, June 14, 2007

പേരില്ലാച്ചിന്തകള്‍

ഇന്നലെകളില്‍ ഊറ്റം കൊണ്ട്‌
ഇന്നില്‍ നെഗളിച്ച്‌
നാളെകളില്‍ അര്‍മാദിയ്കാന്‍
കാത്തിരിയ്കുമ്പോള്‍..
ഉണരാനിടയില്ലാത്ത പുലരിയെപ്പറ്റി
എന്തേ ഞാനോര്‍ക്കുന്നില്ല..?

Wednesday, May 16, 2007

ഇത്തിരിവെട്ടം

കൈത്തിരിയുടെ ഇത്തിരിവെട്ടത്തില്‍ ഒരുതുണ്ടു ലോകം പ്രകാശമണിഞ്ഞു.
ചിരാതില്‍ നിറഞ്ഞ സ് നേഹത്തില്‍ സൂര്യപ്രഭയോടെ,
ആത്മാവിന്റെ അകക്കാമ്പിലേക്ക് നന്മയുടെ വെളിച്ചം ഇറങ്ങിച്ചെന്നു.
വെളിച്ചം ദു:ഖമാകാം...
ദു:ഖത്തെ തൊട്ടറിയുന്നവന്‍, ഉള്‍ക്കൊള്ളുന്നവന്‍ തേജസ്വിയാകുന്നു.
"തമസോ മാ ജ്യോതിര്‍ഗമയ.."





Link